ജനുവരി മാസത്തിലെ ആ തണുത്തുറഞ്ഞ സുപ്രഭാതം ഒരു ദയനീയമായ വാർത്ത കേട്ടാണുണർന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിൽ പഠിക്കുന്ന എൻറെ ഒരു കൂട്ടുകാരൻ തീവണ്ടിക്ക് തലവെച്ചിരിക്കുന്നു. നടുങ്ങി തരിച്ചു പോയി ഞാൻ. ഞാൻ അനുഭവിച്ച തീവ്ര വിഷാദം വാക്കുകളിൽ ഒതുക്കുക അസാദ്ധ്യം. അവൻ എന്തിനാണ് മരിച്ചു കളഞ്ഞത്, അതും ഈ ചെറുപ്രായത്തിൽ? അതിനും മാത്രം എന്തു ദുഃഖമാണ് അവനെ പിടികൂടിയത്. അത്രയ്ക്ക് താങ്ങാൻ കഴിയാത്ത എന്തെങ്കിലുമുണ്ടെങ്കിൽ അവനത് എന്നോട് പറയാമായിരുന്നില്ലേ ? പിന്നെ എന്താണ് പെട്ടെന്ന് സംഭവിച്ചത് .ഞാൻ പലരോടും അന്വേഷിച്ചു. ആർക്കും ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. ചിലരൊക്കെ മൗനം ഭജിച്ചു .ഹോസ്റ്റലിൽ വച്ചു നടന്ന എന്തെങ്കിലുമായിരിക്കും അവൻറെ മരണ കാരണമെന്ന് ഞാൻ വിധി എഴുതി . ഹോസ്റ്റലിലെ കടുത്ത റാഗിങ്ങിന് ഭയന്നാണ് പലരും വെളിയിൽ താമസിക്കുന്നത്. എന്ന് പരക്കെ സംസാരമുണ്ട്.എന്തിന് ഈ ഞാൻ പോലും റാഗിങ്ങിനെ പേടിച്ചാണ് ലോഡ്ജിൽ വന്ന് ചേക്കേറിയതെന്ന് പറഞ്ഞല്ലോ?. രാജ്കുമാറിൻറെ മരണം എൻറെ മനസ്സിനേൽപ്പിച്ച മരണം കടുത്തതായിരുന്നു. ഞാൻ എന്നെ തന്നെ രാജകുമാറിനോട് ചേർത്ത് വായിക്കാൻ തുടങ്ങി. ഒരു കണക്കിന് ഞാനും ഇന്ന് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നോ?. ജീവിതം അനവധി തവണ പരാജയപ്പെടുത്തിയ വ്യക്തി ആയിരുന്നില്ലേ ഞാനും, മരണത്തെക്കുറിച്ച് എത്രയോ തവണ ചിന്തിച്ചിരിക്കുന്നു. എനിക്ക് രാജകുമാറിനെ കാണണമെന്നും എന്തിനാടാ അങ്ങനെ ചെയ്തതെന്ന് ചോദിക്കണമെന്നും തോന്നി. തലയ്ക്ക് തീ പിടിച്ച ആ ഒരു രാത്രി ഞാൻ ആരും കാണാതെ ലോഡ്ജിൽ നിന്നിറങ്ങി നടന്നു. ലോഡ്ജിന്റെയും പോളിയുടെയും താഴ് വാരങ്ങളിലൂടെ ആണ് ആ റെയിൽവേ ലൈൻ കടന്നു പോകുന്നത്. സമയം രാത്രി 11 കഴിഞ്ഞിട്ടുണ്ടാകും. അധികം വെട്ടമൊന്നുമില്ല. കയ്യിൽ ഒരു മെഴുകുതിരി മാത്രം. ഏകദേശം 500 മീറ്റർ നടന്ന് Poly hostel ന്റെ ചുവട്ടിൽ റെയിൽ പാളത്തിന് അടുത്ത് ഞാൻ കണ്ടു. രാജ്കുമാർ പിടഞ്ഞു മരിച്ച സ്ഥലം. ഗളം മുറിഞ്ഞു തെറിക്കുമ്പോൾ ചീറ്റി തെറിച്ച ചോര മണ്ണിൽ പടർന്നിരുന്നു. ഞാൻ അവിടെ റെയിൽ പാളത്തിലിരുന്നു. മെഴുകുതിരി ഒരിടത്ത് കുത്തിനിർത്തി. പാളങ്ങളിൽ അവൻറെ ഗളം മുറിഞ്ഞുപോയ ചോര പാടുകളിൽ മെല്ലെ തലോടി.

പെട്ടെന്ന് ഒരശരീരി എന്നെ ഞെട്ടിച്ചു.
എടാ ശ്യാമേ…. ഞാൻ ഇവിടെ ഉണ്ടെടാ… ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ദൂരെ റെയിൽ പാളം രണ്ടു ഭാഗതോട്ടും വളഞ്ഞ് ആ മലയെ ചുറ്റി പോകുന്നതു വരെ ചെറിയ നിലാവെട്ടത്ത് കണ്ടൂ. പെട്ടെന്ന് ഒരു പുക ചുരുൾ പോലെ എന്തോ ഒന്ന്…. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു: പിന്നെ ഞാൻ hostel ന്റെ അകത്തായിരുന്നൂ. അവിടെ നടന്നത് 6 പേരുടെ മുമ്പിൽ രാജ്കുമാർ നഗ്നനായി മുട്ടുകുത്തി നിൽക്കുന്നു. അവന്റെ കണ്ണിൽ നിന്ന് കണ്ണീർ കുടുകുടെ വീഴുന്നു.കൈകൾ പുറകിൽ കെട്ടിയിട്ടുണ്ട്. റാഗിങ്ങ്. അത് ചെയ്യുന്നവരുടെ മുഖത്തെ കൗര്യതയും അട്ടാഹാസവും വേട്ടക്കാരന്റെ മുഖത്തെ ലഹരിയും ഞാൻ വായിച്ചെടുത്തു. എന്റെ ശബ്ദം അവിടെ വന്നലച്ചു പക്ഷേ അതാരും കേട്ടില്ല. ഞാൻ ഉറക്കെ ഉറക്കെ അലറി കരഞ്ഞ് അപേക്ഷിച്ചു. അവനെ വിടൂ അവനെ വിടൂ. പക്ഷേ എന്റെ ശബ്ദം ദിഗന്തങ്ങളിൽ തട്ടി പ്രതിധ്വനിച്ചു: ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു. ട്രെയിനിന്റെ ഹോണുകൾ കേട്ടപ്പോൾ ഞാൻ പ്ലാറ്റ്ഫോമിൽ വീണു കിടക്കുകയായിരുന്നു . ശരിക്കും രാജ്കുമാർ തല വച്ച് കിടന്ന പോലെ തന്നെ…വളവിൽ ട്രെയിനിന്റെ വെളിച്ചം പതിച്ചു. ഏതാനും
നിമിഷങ്ങൾക്കുള്ളിൽ അതെന്റെ ഗളത്തിലൂടെ കയറിപോകും. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു കഴിയുന്നില്ല. ആരോ എന്നെ റെയിൽവേ ട്രാക്കിനോട് ചേർത്ത് കെട്ടിയതു പോലെ. ഞാൻ സർവ്വ ശക്തിയുമെടുത്ത് കുടഞ്ഞു ചാടി ട്രാക്ക് കടന്ന് പോകുന്നതിനും മലയിടുക്കിനും ഇടയിലേക്ക് വീണതും ട്രയിൻ കടന്നു പോയതും ഞൊടിയിടയിൽ…….
അവൻ അവിടെ തന്നെയുണ്ട്. അവൻ എന്നെ വരുത്തിയതാണ്. അവൻ എന്നെ കൊണ്ടു പോകാൻ ശ്രമിക്കുകയാണ്. എല്ലാം മനസ്സിലായി: ദു:ഖം കടിച്ചമർത്തി കുറെ നേരം കൂടി ഞാനവിടെ ഇരുന്നു. തീവണ്ടിയുടെ ശക്തമായ കാറ്റിൽ മെഴുകുതിരി നാളം അണഞ്ഞു പോയിരുന്നു. പിന്നെപ്പോഴോ എഴുന്നേറ്റ് നടന്നു. ഇരുട്ടത്ത് തപ്പിയും തടഞ്ഞും ഒരുവിധം മുറിയിൽ എത്തുമ്പോൾ വെളുപ്പിന് 4 മണി. ദേഹമാസകലം മുറിഞ്ഞിട്ടുണ്ട്. കിണറ്റൂ കരയിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ദേഹത്തൊഴിച്ചപ്പോൾ ആസിഡ് ഒഴിച്ചപോലെ മുറിഞ്ഞ ഭാഗത്തൊക്കെ നീറുന്നു. പിന്നെ വന്നു കിടന്ന് എപോഴോ മയങ്ങി പോയി…
പിറ്റേദിവസം പോലീസ് ലോഡ്ജിൽ വന്നു. എല്ലാ കുട്ടികളെയും വെളിയിൽ നിരത്തി നിർത്തി. ആർക്കും കാരണം മനസ്സിലായില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് മാത്രം മനസ്സിലായി. എന്താണ് ചെയ്യേണ്ടതെന്നും ഞാൻ ഉറപ്പിച്ചിരുന്നു. ജീപ്പിൽ നിന്ന് Inspector ഇറങ്ങി വന്നു. ഒറ്റ ചോദ്യം മാത്രം…രാജ്കുമാറിന്റെ മരണത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?. എല്ലാവരും മുഖത്തോട് മുഖം നോക്കി. ഈ ചോദ്യം പ്രതീക്ഷിച്ചു നിന്ന ഞാൻ പതുക്കെ മുന്നോട്ട് ആഞ്ഞതും എൻറടുത്തു നിന്ന രാജീവൻ എന്നെ തടഞ്ഞതും ഒരുമിച്ചായിരുന്നു. ഇൻസ്പെക്ടർ ഞങ്ങളുടെ മുമ്പിലൂടെ നടന്നു തുടങ്ങി. ‘ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ പറയണം.’ആരും ഒന്നും പറഞ്ഞില്ല എല്ലാവരും തലതാഴ്ത്തി നിന്നു. പോലീസിൻറെ ചോദ്യങ്ങൾക്ക് ഉത്തരം പറയത്തക്ക ഒരു പ്രായം ഞങ്ങൾക്കാർക്കും ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കറിയാവുന്ന സത്യങ്ങൾക്ക് യാതൊരു തെളിവുമില്ല. ആയതുകൊണ്ട് ആ സത്യങ്ങൾ ഒരിക്കലും വെളിയിൽ വന്നില്ല.കോളേജ് ഹോസ്റ്റലിലെ ക്രൂരമായ റാഗിങ്ങിനിടയിൽ രാജകുമാർ മരിച്ചതാണെന്നും അവൻറെ ശരീരം റെയിൽവേ ട്രാക്കിൽ കൊണ്ടുവന്നു ഇട്ടതാണെന്നുമുള്ള സത്യം…..
കണ്ണൂർ ആ സമയത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ വാർത്താമാധ്യമങ്ങളിൽ പേരുകേട്ട് വരുന്ന സമയം കൂടിയാണ്. ഇനി രാജ്കുമാറിൻറെ മരണത്തിന് രാഷ്ട്രീയമായ എന്തെങ്കിലും മാനങ്ങൾ ഉണ്ടോ. അതും എൻറെ മനസ്സിന് ചാഞ്ചല്യം ഉണ്ടാക്കി കൊണ്ടിരുന്നു. ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായി.അതിൻറെ പൊട്ടും പൊടിയും ചികയാതെ ഇരിക്കുന്നതാണെന്ന് എന്നോട് സ്നേഹമുള്ള ചിലർ പറഞ്ഞപ്പോൾ അത്യധികം വിഷമത്തോടെ ആണെങ്കിലും രാജ്കുമാറിന് വിട നൽകാൻ ഞാൻ നിർബന്ധിതനായി. അങ്ങനെ കാലങ്ങളോളം രാജ്കുമാർ എൻറെ മനസ്സിൽ ഉറങ്ങിക്കിടന്നു . അവനൊരു സമാധി തീർക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല. ചിതറി തെറിച്ച അവൻറെ ചോര അവൻ മരിക്കേണ്ടവൻ അല്ലായിരുന്നു എന്ന യാഥാർത്ഥ്യം എന്നെ മുറിപ്പെടുത്തി കൊണ്ടിരുന്നു.
തുടരും
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.